ജീവിതപുസ്തകങ്ങളുടെ വായനശാലയില്‍ കാത്തുകിടക്കുന്ന മരണമില്ലാത്ത കഥാപാത്രങ്ങളും കഥാകാരന്മാരും ഒരു ലൈബ്രേറിയന്റെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നതെങ്ങനെ എന്ന് കാണിച്ചുതരുന്ന നോവലാണ് ലൈബ്രേറിയന്‍. കാക്കത്തൊള്ളായിരം പുസ്തകങ്ങളെ ജീവിതത്തോടു ഗാഢമായി ചേര്‍ത്ത നല്ല ലൈബ്രേറിയന്മാര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ നോവല്‍ രചിച്ചത് സി.വി.ബാലകൃഷ്ണനാണ്.
മണ്മറഞ്ഞ അച്ഛന്റെ ഓര്‍മ്മയ്ക്കായി വേലുക്കുഞ്ഞ് സ്മാരക ഗ്രന്ഥാലയം നിര്‍മ്മിക്കാന്‍ ബാഹുലേയന്‍ തീരുമാനിച്ചപ്പോള്‍ സ്മാരകമായി വരുമാനം ലഭിക്കുന്ന എന്തെങ്കിലും തുടങ്ങിയാല്‍ പോരേ എന്ന് അയാളോട് നാട്ടുകാര്‍ ചോദിച്ചിരുന്നു. എങ്കിലും പലരുടെയും സംഭാവനകളുടെയും മറ്റും ഫലമായി ലൈബ്രറി വികസിച്ചു. പുസ്തകങ്ങളുടെ കാവല്‍ക്കാരനായി മാറിയ ബാഹുലേയന് പുതിയ പുതിയ ആളുകളെ പുസ്തകങ്ങളിലേക്ക് ആകര്‍ഷിക്കാനും കഴിഞ്ഞു.
ലൈബ്രറിയോട് ചേര്‍ന്നുള്ള മുറിയില്‍ താമസിക്കുന്ന ബാഹുലേയന് കൂട്ട് പുസ്തകങ്ങളും അതെഴുതിയ മഹദ് വ്യക്തികളുമാണ്. ബാഹുലേയന്‍ ഒറ്റയ്ക്കാവുമ്പോള്‍ തകഴിയും ബഷീറും ലളിതാംബിക അന്ത്ര്‍ജ്ജനവും ദസ്തയേവ്‌സ്‌കിയുമെല്ലാം അയാളോട് സംവദിക്കാന്‍ പുസ്തകങ്ങളില്‍ നിന്നിറങ്ങി വരും. തന്റെ വിഷമതകള്‍ ബാഹുലേയന്‍ അവരോട് പറയും. അവര്‍ അതിന് പരിഹാരങ്ങള്‍ നിര്‍ദേശിക്കും.
വേലുക്കുഞ്ഞ് സ്മാരക ഗ്രന്ഥശാല ലൈബ്രേറിയന്‍ എന്ന നോവലില്‍ ലോകത്തിന്റെ ഏത് ഭാഗങ്ങളിലുമുള്ള വായനശാലകളുടെ പ്രതീകമാണ്. വായനയ്ക്കും പുസ്തകങ്ങള്‍ക്കും നേരേയുള്ള കടന്നുകയറ്റത്തെയും പുസ്തകങ്ങളുടെ കരുത്തിനെയും കാണിച്ചുതരുകയാണ് സി.വി.ബാലകൃഷ്ണന്‍. ചുട്ടെരിച്ചാലും അവസാക്കുന്നതല്ല അക്ഷരങ്ങളുടെ കരുത്തെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം, പുസ്തകങ്ങളുടെ ശത്രുക്കളെ നേരിടാനുള്ള ഏറ്റവും നല്ല ആയുധം പുസ്തകം തന്നെയാണെന്നും പറഞ്ഞുവെയ്ക്കുന്നു. librarian
നോവലുകള്‍, ലഘുനോവലുകള്‍, കഥകള്‍, ലേഖനങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ സാഹിത്യശാഖകളിലായി നാല്‍പ്പതിലേറെ രചനകള്‍ സി.വി ബാലകൃഷ്ണന്റേതായുണ്ട്. ആത്മാവിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും വി.ടി മെമ്മോറിയല്‍ പുരസ്‌കാരവും ലഭിച്ചു. 2013 ല്‍ സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്‌കാരവും 2014ല്‍ പത്മപ്രഭാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
ആയുസ്സിന്റെ പുസ്തകം, ദിശ, കാമമോഹിതം, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍, സിനിമയുടെ ഇടങ്ങള്‍, കണ്ണാടിക്കടല്‍, ഭൂമിയെപ്പറ്റി അധികം പറയേണ്ട, പ്രണയകാലം തുടങ്ങിയവ അടക്കമുള്ള സി വി ബാലകൃഷ്ണന്റെ എല്ലാ രചനകളും വായനക്കാര്‍ ആഹ്ലാദപൂര്‍വ്വം ഏറ്റുവാങ്ങിയതാണ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കഥകള്‍ സമാഹരിച്ച പുസ്തകം അടുത്തകാലത്ത് പുറത്തിറക്കിയിരുന്നു.
9788126452330
Literature Malayalam Literature Malayalam Fiction Malayalam Novel